Poem - Mamaram

കവിത : മാമരം

വന്ന നാൾ വഴികൾ ഓർക്കുമീ  മാമരം
ചെന്നു നിൽക്കുന്ന മേഘവഴി ഒക്കെയും
നേർത്ത തെന്നലിൻ ഒരു ക്രൂര പാതകം
വേർപെടുത്തി താനാകുന്ന ജീവനെ.

വീണു ഭൂമി തൻ മാറിലേക്കമരവേ
ഏകി ആദ്യമായ് തീർത്ഥമാകാശം
ലവണമോരോന്നും മുറ പോലെ മാറിലൂ-
ടകമേ ആർജ്ജിച്ചു പേശി ബലമത്രയും.

ഉഴുതു മുന്നേറി മുള വീണ നാൾ മുതൽ
പുറമെ പലതൊക്കെ അറിയുവാനെന്നോണം
മുല തന്ന ഭൂമിക്ക് ക്ഷതമേറെ ഏൽപ്പിച്ചു്
കുളിർമ വേർപെട്ട് താപ ഗ്രസ്തമായ്.

ബാല്യ കാലത്ത് തണലേകി ബലമേകി
ചാരെ നിന്നൊരാ വൻമരം വീണ നാൾ
കേട്ടു സ്പഷ്ടമായ് ആദ്യമായ് ആ ധ്വനി
ഓർത്തു പിന്നെയും കാലമത്രയും.

ചുടു ചോര ചിന്തിച്ചു കൂടെ നിന്നൊരാ
തോഴനെ പിന്നെ എങ്ങു കാണുവാൻ
മഴു കാർന്ന ശിഖരങ്ങൾ അഴുകിത്തുടങ്ങുന്നു
അധികരിക്കുന്നു വ്യാധി പിന്നെയും.

ഋതുഭേദമൊക്കെയും തഴുകി കടന്നു പോയ്‌
പൊലിമ വർദ്ധിച്ചു ബഹുജീവ നാടിയായ്
മറുപുലരി കാണാതെ കാഴ്ച മങ്ങുന്നു
വിറപൂണ്ട നാടിയെ മഴു കാർന്നു തിന്നുന്നു.

Comments